Sunday 12 March 2017

      ഗ്യാരണ്ടി     

രണ്ടായിരം ലിറ്ററിന്റെ ഒരു വാട്ടർ ടാങ്ക് ആവശ്യപ്പെട്ടുകൊണ്ടാണ് അയാൾ കടയിൽ വരുന്നത്
അതിനു മുമ്പും ഒന്നുരണ്ട് തവണ അയാൾ കടയിൽ വന്നിട്ടുണ്ടെങ്കിലും ഒരു സാധനം ആവശ്യപ്പെടുന്നത് ആദ്യമായിട്ടായിരുന്നു,
നല്ല കമ്പനിയുടെ വില കൂടിയ ഒരു ടാങ്ക് അയാൾ തിരഞ്ഞെടുത്തുവെങ്കിലും പത്ത് വർഷത്തെ ഗ്യാരണ്ടി
വളരെ കുറവാണെന്നു പറഞ്ഞു അയാൾ അത് വേണ്ടെന്നു വെച്ചു, ചുരുങ്ങിയത് ഒരു മുപ്പത് വർഷത്തെ ഗ്യാരണ്ടിയാണത്രെ അയാൾ പ്രതീക്ഷിക്കുന്നത്,
വന്നു കയറിയ ഒരു കസ്റ്റംബറെ ഒഴിവാക്കുന്നത് ശരിയല്ലല്ലോ അതൊരു നല്ല കച്ചവട സ്ഥാപനത്തിന് ചേർന്ന പണിയല്ലല്ലോ,
മൂന്നാല് പുതിയ വാട്ടർ ടാങ്ക് കമ്പനികളുടെ നമ്പർ തപ്പിയെടുത്ത് അതിലേക്കൊക്കെ വിളിച്ചു
അത്രയൊന്നും ഫേമസ് അല്ലാത്ത ഒരു കമ്പനി ഇരുപത്തൊന്ന് വര്ഷം ഗ്യാരണ്ടി കൊടുക്കുന്നുണ്ട്
അത് മതിയെങ്കിൽ ഓഡർ ചെയ്ത് വരുത്തിത്തരാം
എ ന്നുപറഞ്ഞു,
വേറെ നിവൃത്തിയില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടോ എന്തോ പൂർണ്ണ മനസ്സോടെയല്ലെങ്കിലും അതുമതി എന്നയാൾ പറഞ്ഞു,
എന്നിട്ടും ഇരുപത്തൊന്ന് വര്ഷം കുറെ കുറഞ്ഞുപോയെന്ന് രണ്ടുമൂന്നു പ്രാവശ്യം അയാൾ പിറുപിറുക്കുന്നത് കേട്ടു, വില ഉറപ്പിക്കുമ്പോഴും അഡ്വാൻസ് തരുമ്പോഴും അയാൾ മുപ്പത് വർഷത്തെ ഗ്യാരണ്ടിയുടെ കാര്യം വീണ്ടും പറഞ്ഞു ,,,
രണ്ട് ദിവസം കഴിഞ്ഞു ടാങ്ക് കൊണ്ടുപോകാൻ വന്നപ്പോഴും അയാളത് തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു ,വിലയുടെ കാര്യത്തിൽ അയാളൊരുപാട് തർക്കിച്ചു
പൈസ എണ്ണുമ്പോഴും അത് തരുമ്പോഴും അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു
ടാങ്ക് അയാളുടെ വീട്ടിലേക്ക് എത്തിക്കാനുള്ള വണ്ടിക്കൂലി കൊടുക്കില്ലെന്ന് അയാൾ വെറുതെ വാശി പിടിച്ചു,,
അങ്ങിനെ അയാളുമായിട്ടുള്ള കച്ചവടത്തില്‍ സ്ഥാപനത്തിന് ലാഭമൊന്നും ഉണ്ടായില്ല,,,
തൊട്ടടുത്ത ഹോട്ടലിലെ പാചകക്കാരനാണ് അയാളെ കുറിച്ച് പറഞ്ഞു തന്നത്
ഭാര്യയും ഏഴു മക്കളുമുള്ള അയാള്‍ ഇപ്പോള്‍ ഒറ്റക്കാണ് താമസം ആര്‍ക്കും ഒരു ഉപകാരവും ചെയ്യാത്ത പ്രകൃതം,,
സ്വന്തം ഭാര്യക്കും മക്കള്‍ക്കും കൊടുക്കുന്നത്പോലും കണക്ക് പറയുമത്രേ ശ്വൈര്യമില്ലാതായപ്പോള്‍ അവര്‍ വീടവിട്ടിറങ്ങി,നാട്ടുകാരുമായിട്ടോ അയൽവാസികളുമായിട്ടോ അയാൾക്കൊരു അടുപ്പവുമില്ല കുറച്ചു കാലമായി ബന്ധുക്കളാരും അയാളെ കാണാൻ വരാറില്ല വന്നാൽ തന്നെ അവരോട് സൗമ്യമായി പെരുമാറുകയോ നല്ല വാക്ക് സംസാരിക്കുകയോ ഇല്ല കൂട്ടിന് ആരുമില്ലാതെ
ഒറ്റക്ക് താമസിക്കുന്നതിൽ അയാൾക്കൊരു വിഷമവുമില്ല
എന്ത് വാങ്ങുമ്പോഴും കൂടുതൽ കാലം ഗ്യാരണ്ടിയുള്ളത് നോക്കി വാങ്ങും
ഏത് കടയിൽ ചെന്നാലും വിലപേശി തർക്കിച്ച് പിശുക്കി പിശുക്കി കാശ് കൊടുത്ത് കച്ചവടക്കാരനെ വെറുപ്പിച്ചുകൊണ്ട് മാത്രമേ അയാളൊരു സാധനം വാങ്ങൂ ,ആരുമായി എന്ത് ഇടപാട് നടത്തിയാലും ഒരു വിട്ടുവീഴ്ച്ചക്കോ നീക്കുപോക്കിനോ ത യ്യാറാവാതെ പിടിച്ച വാശിയിൽ നിൽക്കും
പിശുക്കും വാശിയും എടുത്തുചാട്ടവുമൊക്കെ മുമ്പേ കുറേശെ ഉണ്ടായിരുന്നുവെങ്കിലും ഈ അടുത്തകാലത്താണ് അയാളുടെ പെരുമാറ്റത്തിൽ വലിയ മാറ്റം കണ്ടു തുടങ്ങിയത് , ആരെയും വകവെക്കില്ല ആരോടും ഒരു കൂസലുമില്ല കടപ്പാടുമില്ല ,ഒന്ന് പുഞ്ചിരിക്കുകപോലുമില്ല ,അയാൾക്ക് അയാളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തണം , അതിന് വിപണിയിൽ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ കാലം ഗ്യാരണ്ടിയുള്ള സാധനങ്ങൾ വാങ്ങി വീട് മോടി പിടിപ്പിക്കണം എന്നിട്ട് ആരെയും ആശ്രയിക്കാതെ ആരുടെ ശല്യവുമില്ലാതെ കുറേ കാലം സുഖിച്ച് ജീവിക്കണം,,,!
അയാൾ വാട്ടർ ടാങ്ക് കൊണ്ടുപോയി രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ഒരു രാത്രി നല്ല കാറ്റും മഴയും ഉണ്ടായി
അയാളുടെ വീട്ട് മുറ്റത്ത് നിന്നിരുന്ന ഒരു തെങ്ങ് വീടിനു മുകളിലേക്ക് വീണു
വീടിൻറെ ഒരുഭാഗം തകർന്ന് വീഴുകയും ശബ്ദം കേട്ട് ആരൊക്കൊയോ ഓടിചെന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി നോക്കിയപ്പോൾ ചോരയിൽ കുളിച്ച അയാൾ ശ്വാസം കിട്ടാതെ കിടന്ന് പിടയുകയായിരുന്നു ,,
ഹോസ്പിറ്റലിലേക്ക് എത്തും മുമ്പേ അയാൾ മരിച്ചു ,,
സംസ്കാരം കഴിഞ്ഞു വരുന്ന വഴിക്ക് പാതി തകർന്നു വീണ ആ വീട്ടു മുറ്റത്ത് ആരൊക്കെയോ നിൽക്കുന്നത് കണ്ടു അയാളുടെ ബന്ധുക്കളോ മക്കളോ ആയിരിക്കാം ,,
ടെറസ്സിന് മുകളിൽ ഒരു മൂലയിൽ അയാൾ കടയിൽ നിന്നും വാങ്ങിയരണ്ടായിരം ലിറ്ററിന്റെ നീല നിറത്തിലുള്ള ആ വാട്ടർ ടാങ്ക് ഇരിപ്പുണ്ടായിരുന്നു ,,
ഇരുപത്തൊന്ന് വര്ഷം ഗ്യാരണ്ടിയുള്ള ടാങ്ക് ,,,,,!

 രണ്ട് ജനറേഷന്‍

   അന്ന്‍
സ്കൂള്‍ വിട്ട് വീട്ടിലെത്തിയതും ഉമ്മ പറഞ്ഞു
എടാ പോയി മീന്‍ വാങ്ങീട്ട് ബാ ,,,
കാശും വാങ്ങി അങ്ങാടിയിലേക്ക് വിട്ടു,,,
അങ്ങാടിയില്‍ ഒരാള്‍കൂട്ടം !,, ,
നോക്കിയപ്പോള്‍ മായാജാല പ്രദര്‍ശനമാണ്
പല കളറിലുള്ള കടലാസ് കഷ്ണങ്ങള്‍ ചവച്ച് തിന്ന് പിന്നീട് വായില്‍നിന്നും വര്‍ണ്ണ മാല വലിച്ചെടുക്കുന്നു ,,
ഉമിക്കരി കണ്ണാടി ഗ്ലാസ്സിലിട്ടു കുലുക്കിവട്ടത്തിലുള്ള ബിസ്കറ്റുക ളുണ്ടാക്കുന്നു ,
പട്ടുറുമാലില്‍ നിന്നും റോസാപ്പൂക്കളുണ്ടാക്കുന്നു,,
ഹാ എന്ത് രസം ,,,
മായാജാല കാഴ്ച്ച കണ്ടു നിന്ന് നേരം പോയതറിഞ്ഞില്ല
ഇരുട്ടായതും മീന്‍ തീര്‍ന്നു പോയതും
ലുങ്കിയുടെ മടികുത്തില്‍ വെച്ചിരുന്ന മുഷിഞ്ഞ രണ്ടുരൂപാനോട്ട് നഷ്ടപ്പെട്ടതും അറിഞ്ഞതേയില്ല
ആകെ വെപ്രാളമായി ,,
എങ്ങിനെ മീനില്ലാതെ വീട്ടില്‍ പോകും
ഉമ്മയോട് എന്ത് സമാധാനം പറയും ഓര്‍ത്തപ്പോള്‍ കരച്ചില്‍ വന്നു ,,
മടിച്ച് മടിച്ചാണ് വീടിന്‍റെ മുറ്റം വരെ എത്തിയത്
ഉമ്മയോട് എല്ലാം പറയണം എന്ന തീരുമാനത്തില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന്‍ കയ്യില്‍ ഒരു വടിയുമായി മുന്നില്‍ ഉമ്മ ,,,
" ജ്ജ് എവിടെയായിരുന്നെടാ ശെയ്ത്താനെ ഇത്രീം നേരം "
പിന്നെ തലങ്ങും വിലങ്ങും അടിയായിരുന്നു ,വേദനകൊണ്ട് പുളഞ്ഞു അലറി അലറി കരഞ്ഞു,
വടി മുറിഞ്ഞു രണ്ട് കഷ്ണമായപ്പോള്‍ അടി നിര്‍ത്തി ഉമ്മ നിന്ന് കിതച്ചു
പിന്നെ അകത്തേക്ക് കയറി വാതില്‍ കൊട്ടിയടച്ചു
" ജ്ജ് ഇന്ന് നേരം വെളുക്കോളം പൊറത്ത് നിക്ക് ,
പത്ത് പതിനഞ്ച് ബയസ്സായില്ലേ ഇപ്പളും
ഒരു ബോധം ണ്ടോ അനക്ക്,,, അന്റെ താഴെ മുന്നാലെണ്ണം വേറീം ല്ലേ ,
അവടെ കെടക്ക്‌ ഒരു തുള്ളി വെള്ളം ഇന്ന്‍ അനക്ക്‌ ന്‍റെ കയ്യോണ്ട് കിട്ടൂലാ ,,"
ഉമ്മ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു
സങ്കടവും കുറ്റബോധവും നിലയ്ക്കാത്ത കണ്ണീരുമായി വരാന്തയില്‍ കിടന്നു തേങ്ങി
പിന്നീട് എപ്പോഴോ ഉറങ്ങി ,,,,,
 
ഇന്ന്
 
പത്തില്‍ പഠിക്കുന്ന മകന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടാണ് അവന്‍റെ ഉമ്മ അടുക്കളയില്‍ നിന്നും തിരക്കിട്ട് സിറ്റൌട്ടിലേക്ക് വന്നത് പക്ഷെ മകന്‍ അപ്പോഴേക്കും ഗെയിറ്റും കടന്നു റോഡിലൂടെ പറന്നു കഴിഞ്ഞിരുന്നു ,,
ഉമ്മ ഉടനെ മൊബൈല്‍ കയ്യിലെടുത്തു മകന്‍റെ മൊബൈലിലേക്ക് വിളിച്ചു ,,
റിംഗ് പോകുന്നുണ്ട് പക്ഷെ എടുക്കുന്നില്ല
രണ്ടുമൂന്നു പ്രാവശ്യം വിളിച്ചു നോക്കിയ ശേഷം ഉമ്മ  അടുക്കളയിലേക്ക് തന്നെ പോയി ,,
ഒരു മണിക്കൂര്‍ കഴിഞ്ഞ് മകന്‍ തിരിച്ചു വിളിച്ചു ,,
" ങാ ഉമ്മച്ചീ എന്തിനാ വിളിച്ചെ ,,?
" അത് മോനേ ഉമ്മ ചപ്പാത്തി ഉണ്ടാക്കുന്നുണ്ട് മോന്‍ വരുമ്പോ ചിക്കന്‍ വാങ്ങീട്ട് വരണേ ,,
" ഞാനിവിടെ ഫ്രണ്ടുമായിട്ട് പുതിയ ടാബ് വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാ ഉമ്മച്ചീ പ്ലീസ് പിന്നെ വിളിക്ക് ,,"
മകന്‍ ഫോണ്‍ കട്ട് ചെയ്തു ,
ഉമ്മ മകന്‍റെ സ്കൂള്‍ യൂണിഫോം ഇസ്തിരിയിട്ട് കൊണ്ടിരിക്കുന്നതിനിടെ വീണ്ടും മകന് വിളിച്ചു ,
" എന്താ ഉമ്മച്ചീ ,,,"
മകന്‍ മറ്റെന്തോ ചര്‍ച്ചയിലാണെന്നു ആ വിളിയില്‍ നിന്നും ഉമ്മക്ക് മനസ്സിലായി എങ്കിലും ചിക്കന്‍റെ കാര്യം ഓര്‍മിപ്പിച്ചു ,,,
രാത്രി പത്ത്മണി യാവാന്‍ പത്ത് മിനുട്ട് ഉള്ളപ്പോഴാണ് മകന്‍ വരുന്നത്
വെറും കയ്യോടെ വന്ന മകന്‍റെ മുഖത്ത് നോക്കാതെ ഉമ്മ ചോദിച്ചു ,
"ചിക്കന്‍ കൊണ്ടുവന്നില്ല ല്ലേ മോനേ "
"ഹോ ഭയങ്കര ബിസിയായിരുന്നു ഉമ്മച്ചീ ,,,ആകെ ടയേര്‍ഡായി പോരാന്‍ നേരം നോക്കുമ്പോ ചിക്കന്‍ ഷോപ്പ് അടച്ചുപോയി,,,ഇനി നാളെ വാങ്ങാം "
മകന്‍ ക്ഷീണം നടിച്ചുകൊണ്ട് സോഫയിലിരുന്നു
ഉമ്മ അവന്‍റെ അടുത്ത് ചെന്നിരുന്നു സ്നേഹത്തോടെ പറഞ്ഞു
" എങ്കില്‍ മോന്‍ വാ   നമ്മുക്ക് ട്ടൊമോട്ടോ കെച്ചപ്പ് കൂട്ടി ചപ്പാത്തി കഴിക്കാം"
" എനിക്ക് വേണ്ട ഞാന്‍ ഫ്രണ്ടിന്റെ കൂടെപോയി ഫാസ്റ്റ്ഫുഡില്‍ നിന്നും പിസ്സാ കഴിച്ചു ,, എനിക്ക് ഉറക്കം വരുന്നു ,,,"
മകന്‍ സോഫയില്‍നിന്നും എഴുന്നേറ്റ്നടന്ന്‌ നേരെ ബെഡ് റൂമില്‍ കയറി
" ഗുഡ്നൈറ്റ് ഉമ്മച്ചീ "
"ഗുഡ് നൈറ്റ് മോനു"
മകന്‍ വാതിലടക്കുന്നതും നോക്കി ഉമ്മ സോഫയിലിരുന്നു,,,,,